സിദ്ദീഖ് മുഹമ്മദിന്റെ സൂഫീ ജീവിതം അനുഭവം എന്ന പുസ്തകം ഒരാവർത്തി വായിക്കുമ്പോൾ കടന്നുപോകുന്ന മൗലാന റൂമിയുടെ മൊഴിയാണിത്. ഉള്ളിൽ തട്ടുന്ന കാറ്റിന്റെ നൈർമല്യവും വാക്കുകളുടെ രസാനുഭൂതിയും കൊണ്ട് സമ്പന്നമാം രചനാനുഭവമുള്ള സിദ്ദിഖ് മുഹമ്മദ്; സൂഫി ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്ന തന്റെ എഴുത്തുകളുടെ വഴിയേ ഒന്നു കൂടെ വിശാലമാക്കുകയാണ് സൂഫീ ജീവിതമെന്ന പ്രസ്തുത പുസ്തകത്തിലൂടെ. ദൈവീകമായ സാമീപ്യത്തിന്റെ മാന്ത്രികത കൊണ്ട് സുന്ദരമാണ് അദ്ദേഹത്തിന്റെ രചനകൾ. ഇത്തരം അപൂർവ്വങ്ങളിൽ അപൂർവ്വമായ രചനാരീതി എന്നതുതന്നെയാണ് സിദ്ദിഖ് മുഹമ്മദിനെ വ്യത്യസ്തനാക്കുന്നതും. സുഫിസത്തിന്റെ ജീവിതവഴികളിൽ വസന്തം വിരിയിക്കുന്ന ആത്മജ്ഞാനത്തിന്റെ അനുഭവ ധാരയിൽ രചിക്കപ്പെട്ട അപൂർവ്വ പുസ്തകം എന്ന ഖ്യാതി അനാവരണം ചെയ്യപ്പെടുന്നുണ്ട് 'സൂഫിസം, അനുഭവം, ജീവിതം'. സൂഫി സാഹിത്യത്തിൽ, ആ വഴിയെ സമ്പന്നമാക്കുന്ന സ്നേഹാക്ഷരങ്ങൾ വിരിയിക്കുന്ന അനുഗ്രഹീത എഴുത്തുകാരൻ തന്നെയാണ് അദ്ദേഹം. കഥയും കവിതയും ഗസലും ചരിത്രവും വർത്തമാനവും കൊണ്ട് ഏറെ സമ്പന്നമാണ് ഈ കൃതി.
സൂഫി ഗുരു പരമ്പരയിലെ അതി വിശ്രുത നാമമാണ് ശൈഖ് സിഎം മടവൂർ മഹാനവർകളുടെ പേരിലാണ് ഈ പുസ്തകം സമർപ്പിക്കപ്പെട്ടിട്ടുള്ളത്, " എന്റെ വഴിത്താരയിൽ ഹൃദയ വസന്തമായി നിലകൊള്ളുന്ന ആത്മീയതയുടെ അതി വിശുദ്ധവും അന്യമാം വിധം സംസ്കൃതവുമായ ജീവിതം സമ്മാനിച്ച ശൈഖ് സിഎം" എന്ന് എഴുതിച്ചേർത്തിരിക്കുന്നു സിദ്ദിഖ് മുഹമ്മദ്. അഞ്ചു ഭാഗങ്ങളിൽ ഉള്ളടങ്ങിയ പുസ്തകത്തിന്റെ കൂടുതൽ ഭാഗവും സൂഫിയെ സ്നേഹമസൃണമായി അവതരിപ്പിക്കുന്നു.കാവ്യ ഭാഷയാണ് ഈ കൃതിയുടെ സൗന്ദര്യം. അനേകം ചെറിയ കഥകളിലൂടെയാണ് പുസ്തകം കടന്നുപോകുന്നത്. മാത്രമല്ല അനുവാചകരുടെ ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന എന്നും ഹൃദയാന്തരങ്ങളിൽ ഉറച്ചുനിൽക്കുന്ന കഥകൾ കൂടിയാണ് അവയെന്നതും തന്നെയാണ് കൃതിയുടെ പ്രത്യേകതയും. രസകരമായി തോന്നിയ ഒരു കഥയുടെ ഇങ്ങനെ,
“ദൈവമുണ്ടെന്ന് നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയുമോ?”
ഒരു നിരിശ്വരവാദി സൂഫിയോട് ചോദിച്ചു.
'ഇല്ല.' സൂഫി പറഞ്ഞു.
'പിന്നെന്ത് സൂഫിയാണ് നിങ്ങള്‍? യുക്തിരഹിതമായ നിങ്ങളുടെ വിശ്വാസം എത്ര അപക്വമാണെന്നറിയാമോ? '
ആധികാരികതയോടെ ചോദിച്ചു. 'തെളിയിക്കാനാവാത്തവിധം അനുഭവസ്ഥമായവനെ ഞാനെങ്ങനെ വാക്കുകളിലൂടെ പറയും?' തന്റെ നിസ്സഹായത സൂഫി പ്രകടിപ്പിച്ചു.
'നിങ്ങള്‍ വീണ്ടും യുക്തിശുന്യമായി സംസാരിക്കുന്നു.'
അയാള്‍ വാദിച്ചു.
അപ്പോള്‍ സുഫി ആ മനുഷ്യനോട് ഇങ്ങനെ ചോദിച്ചു:
“നിങ്ങള്‍ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”
“ഉണ്ട്; ധാരാളം.” അയാള്‍ പറഞ്ഞു.
“പ്രണയം അനുഭവിച്ചറിഞ്ഞ നിങ്ങള്‍ക്ക് പ്രണയമുണ്ടെന്ന് തെളിയിക്കാനാവുമോ? ഒരു മന്ദഹാസത്തോടെ മൃദുശബ്ദത്തില്‍ സുഫി ചോദിച്ചു. ഒരു
നിമിഷം മൗനിയായ ആ മനുഷ്യന്‍, സൂഫിയുടെ കണ്ണുകളിലേക്കു നോക്കി മിണ്ടാതെ നിന്നു.
ഇങ്ങനെ മൗന സമാനമായ മറുപടി പറയുന്ന കഥകൾ കൊണ്ടും കവിതകൾ കൊണ്ടും ജീവിതം കൊണ്ടും അനുഭവം കൊണ്ടും സമ്പന്നമാണി കൃതി.
ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഇസ്ലാമിന്റെ വെളിച്ചം പകരാൻ എത്തിയ ഖാജാ മുഈനുദ്ദീൻ ചിശ്തി മുതൽ ഖുതുബുദ്ദീൻ ബക്തിയാർ കാക്കി, ലാൽ ഷഹബാസ് ബലന്ദർ, ശാഹ് ബലന്ദർ സൽമാൻ ബാവ, ഷെയ്ഖ് മുക്താർ അലി മുഹമ്മദ് അദ്ദസൂഖി മുതൽ സി എം വലിയുല്ലാഹി വരെയുള്ള സൂഫീ ഗുരുക്കളെ കുറിച്ചും പരാമർശിക്കുന്നു. ശൈഖ് സി എം നെ കുറിച്ച് പറഞ്ഞു വെക്കുമ്പോൾ എഴുത്തുകാരൻ തനിക്ക് അദ്ദേഹവുമായി ഉണ്ടായ ആത്മബന്ധവും ഇവിടെ ദീർഘമായ് വിവരിക്കുന്നു. കുട്ടിക്കാലത്ത് മഹാനെ കാണാൻ പോയതും അവിടുന്ന് കിട്ടിയ അനുഭവങ്ങളും; ഒരു പക്ഷേ തന്റെ ഈ വഴിയെ സ്വാധീനിക്കുന്നതിൽ ഒരു പ്രധാന ഘടകവും അതാകും എന്ന എഴുത്തുകാരൻ ഉറച്ചു വിശ്വസിക്കുന്നതായി വരികൾക്കിടയിൽ കാണാം.

സൂഫി വഴിയിൽ വെട്ടം പരത്തിയ ഇന്നും വിടർന്നുനിൽക്കുന്ന സൂഫി കവിതകളും അനുരാഗ ഗീതങ്ങളിലും ഗസലുകളിൽ പെയ്തൊഴിയുന്ന നമ്മൾ കേട്ട് സായൂജ്യമടഞ്ഞ കവിതകളുടെ ആശയവും സിദ്ദിഖ് മുഹമ്മദ് പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നൂറുൻ അലാ നൂറിന്റെ വെളിച്ചവും മൗല മൗല യുടെ സമർപ്പിത കാവ്യവും അതിൽപ്പെടുന്നു. സൂഫീ ഗസലുകളുടെ സാരം വിശദീകരിക്കുന്ന ഈ ഭാഗം സൂഫി പഠനങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ ജ്ഞാന സൗന്ദര്യത്തിന്റെ ആഴം പ്രകടമാകുന്നുണ്ട്. സൂഫീ കടലുകളിൽ നാം കേട്ടു വന്നിട്ടുള്ള നൂറുൻ അലാ നൂർ, മൗല മൗല, തുടങ്ങിയ ഗസലുകളുടെ ആശയതലം ലളിതമായി വിശദീകരിക്കുന്നുണ്ട് പുസ്തകത്തിൽ. അറിവ് എന്നാൽ അനുഭവമാണ്. 'ആത്മാനുഭവങ്ങളിൽ തെളിഞ്ഞ രാഗ നൈർമല്യ' ത്തിൽ ഉള്ളടങ്ങിയിരിക്കുന്നത് മനോഹരമായ കാവ്യതല്ലജങ്ങളാണ്. മൗനത്തിലേക്ക് വഴിതുറക്കുന്ന വാക്കുകൾകൊണ്ട് ആശയത്തിന് ആകാശങ്ങളിൽ വിരാജിക്കുന്ന സുന്ദര കവിതകൾ സമർപ്പിക്കുകയാണ് സിദ്ദിഖ് മുഹമ്മദ്.
ഭൗതികതയിൽ മാത്രം ജീവിച്ചു തീർക്കുന്ന കാലത്ത് ആത്മീയതയുടെ ആവശ്യകതയും അത് മനുഷ്യനുമായി ബന്ധപ്പെട്ട കിടക്കുന്നതിന്റെ നേർസാക്ഷ്യവും പറഞ്ഞു മനസ്സിലാക്കാൻ ഈ കൃതികാവും എന്നു മാത്രമല്ല വായിച്ചുതീരുമ്പോൾ അറിയാതെ ഒരു സൂഫിയാകാനുള്ള ആഗ്രഹവും പ്രചോദനവും ഉൾവിളിയായി ഉണ്ടാകും; അതുമല്ലെങ്കിൽ വായിച്ചു പൂർണമാകുമ്പോൾ ഉള്ളു നിറയുമെന്ന് തീർച്ച.
സൂഫി അന്വേഷണത്തിലും മിസ്റ്റിക് സാഹിത്യത്തിലും സവിശേഷ രചന നടത്തുന്ന സിദ്ദിഖ് മുഹമ്മദിന്റെ ഈ കൃതി പ്രസിദ്ധീകരിച്ചത് പിയാനോ ബുക്സ് ആണ്.

COMMENTS